Monday, May 25, 2009

നിനക്കു തന്നെ..!

കരളിലൊരു പഴയ പ്രണയം വന്നു തോണ്ടുന്നു..
കനവിലൊരു നീള്‍മിഴി നിലാവ് നീര്‍ത്തുന്നു..!
ഇനിയുമാ വഴിയിലൂടെ വരാതിരിക്കാം ഞാന്‍..
നീ നിന്ന അരിപ്പൂക്കല്‍ക്കരികില്‍ കറുത്ത മൌനം -
തന്നെ കായ്ച്ചോട്ടെ..!

Saturday, September 27, 2008

വീണ്ടും വരുമ്പോള്‍...

അവസാനത്തെ കിളിയും സായാമ്പരത്തിന്റെ ശോകനിഴല്‍ നനഞ്ഞകന്നു മാഞ്ഞിട്ടും
ഓര്‍മകളെ ശ്വസിച്ചു ഞാനന്തി മൂക്കും വരേ നിന്റെ വഴിയില്‍മിഴികള്‍ കത്തിച്ചിരുന്നതു
നിര്‍മലമിഴികളിലെളുപ്പമടരും കുറുമ്പുമായ്നീ വരാതിരിക്കില്ലെന്നു കരുതി.....
ഇരുളിനുള്ളില്‍ തുയിലെണീറ്റ ഭൂതങ്ങള്‍ മദിക്കാനിറങ്ങിയ വഴിയിലൂടൊടുവില്‍
‍കെട്ട കണ്ണുമായ് തിരിച്ചു പോരുമ്പോള്‍ പ്രത്യാശയുരസ്സി പിന്നെയും നോക്കിയതു വെറുതേ..
കനികളേറെ പെറ്റയേകാകി മാവിന്റെ ചോട്ടിലെ കണ്ണിമാങ്ങകളുടെ
കറുത്ത ശവങ്ങളുടെ ഗന്ധവും
കരിഞ്ഞപൂക്കളുടെ ദയയില്ലാത്ത ദൈവത്തേയും നീ മറന്നു..
താഴ്ന്ന ചില്ലയിലെ ചെള്ളുമാങ്ങക്കുലയുമാ, തോട്ടിയും..!
കുന്നിന്റെയുച്ചി കീഞ്ഞ കാറ്റും കുരുവിയും അകലെ,യജ്ഞാത
ഗിരികള്‍ക്കതിതികളായ് പോയത്..
കസാവലിലകളിലൊരായുസ്സിന്‍ പൈപ്പാറ്റിയൊരു പുഴു നമ്മുടെ ദീര്ഖ -
മൌനങ്ങളെ തീണ്ടാന്‍ വന്നത്..
പൊള്ളുന്ന ചുണ്ടിലെ വിറയ്ക്കുന്ന വചനങ്ങളെന്റെ കണ്ണില്‍ തല ചായ്ച നേര-
മൊരു വീണ ചുള്ളി തന്‍ ഞരക്കം.
ചോന്ന കപോലങ്ങളിലാ പടിഞ്ഞാറന്‍ പകലോന്‍
പായുന്നനിമിഷത്തിനായുസ്സു നേര്‍ന്നതും..




വൈകിയെണീറ്റ കരിനീരദങ്ങള്‍ നേരം തെറ്റിയിവിടം നീര്‍തളിച്ചപ്പോള്‍
കുട തന്ന കല്ലിനു നിറുകയിലൊരു കട്ടുറുമ്പു കൂട്ടം തെറ്റിയുഴരുമ്പോള്‍...
കിളിയും കാറ്റുമെടുക്കാത്ത കനിയും മലരും പെറ്റീ
കുന്നും മരച്ചായയുമേതു മുനി തന്നുഗ്ര ശാപമെണ്ണുന്നു..?
നെല്ലിയുടെ, കോമാവിന്‍ ചോട്ടിലെ നിഴലുകളിലൂടെ
വാടിയ തെക്കന്‍വെയിലിന്നലസ രേണുക്കള്‍
നൂണ്ടൊരു നൂരു യുഗം തോറ്റു ഞാന്‍ വന്നിട്ടും
എന്റെ കണ്ണിലെ കുഞ്ഞുശലഭങ്ങളെ
നീ ദയാവിഹീനം കണ്ടില്ലെന്നു നടിക്കുന്നു..!
(ആയിരം സൂര്യന്റെ ബലിനിണം കുടിച്ചുന്മാദിയായ്
ചക്രവാളം മലര്‍ന്നുറങ്ങുമ്പോഴോ
വസന്തത്തിന്നസ്തിയൊഴുക്കാനാകാശം
വിഴുങ്ങി വര്‍ഷമേഖങ്ങളലച്ചു വീഴുമ്പോഴോ
അത്തക്കളത്തില്‍ ഒരു നുള്ളു പൂവില്‍
ചോന്നൊരു കൗമാരം പൂപൊലി പാടും നേരം..
നീ വരും..!
മിഴികളില്‍ മഴവില്ലുമായൊരു കേവല കുമാരിയായ്..
നിന്നിലൊരമ്മ, സ്നേഹമയിയാം കളത്ത്രമഴിഞ്ഞു വീണതറിയാതെ...
ആ മഴവില്ലു വറ്റാതിരിക്കാനീ, സൂര്യനെ തേടി..!





ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. (2006 മാര്‍ച്ച് 25 - 31 പുസ്തകം-52 ലക്കം-31)



കുത്തിവരച്ചിത്രം കടപ്പാട്: എന്റെ സെല്ലോ ഗ്രിപ്പെര്‍ പേനയ്ക്കും 7 രൂപേടെ നോട്ബൂക്കിനും.

Monday, August 11, 2008

പ്രപഞ്ചത്തിന്‍റെ ഭാഷ



നിന്‍റെ ചരണങ്ങളിലേറെയൊടുങ്ങി..

നിന്‍റെ വേലികളിലേറെയൊതുങ്ങി..

ആ പരശു നേത്രങ്ങളിലിനിയും മൂര്‍ച്ച
അവ മുന്‍പോട്ടാണയനമെപ്പോഴും.

ജാഗ്രത! നിന്‍റെ ദുരകളെ വിഴുങ്ങാനവരി-

നിയും വരും..! ഭംഗുരങ്ങളവയ്ക്കുയിര്‍ദായകം.
(നീ ദിനേന തണലുളെത്ര വെട്ടി, നീരൊഴുക്കി-
ന്നിളവേരുകള്‍ ച് ചേരദിച്ചൊടുങ്ങാത്ത നിന്നാശാ-
മേടയിലാര്‍ത്തിപ്പിശാചിന്‍ നിത്യവാസം..!

നിന്‍റെ യന്ത്രക്കൈകളീറന്‍ബ്ഭുവനത്തിന്‍
നി ചീന്താനറിയുന്നവ മാത്ര,മരികെ
ശുഷ്ക്കമൊരു ദാരുശാഖയിലൊരു പണിതീരാ
ക്കിളിക്കൂടു വേവുന്നു..!)

സഹനച്ചിപ്പിയിലീ മേദിനി കാലത്തിന്‍ പൂട്ടിട്ട-
യശ്രുവനുതാപമോല്‍ കരയെ പുണരുമ്പോള്‍
ചന്ദ്രനെ തൊട്ട നിന്‍ പാദയിണ പതറുവതെന്ത്..?
യെന്നിട്ടോതു,ന്നതു സുനാമി.!ബ്ഭയമാറ്റുക.!!

സദാനിശാനിദ്രയിലോര്‍മിക്കയിതു ചെറു-
താക്കീതിന്‍റെ പ്രപഞ്ച ഭാഷ.!യവരിനിയു,മജ്ഞാത-
നേരത്തുംഗമിരച്ചെത്തിടാം. നിന്നോമന-
ജന്തുവിന്‍ തുടലഴിക്ക; (പാപം പേറാത്തോര്‍
നരകത്തിന്‍ പങ്കാളികളല്ല.!)

നിന്‍റെ ദുരകള്‍ വറ്റാത്ത നാള്‍ വരേ..!

പെയിന്റിങ് കടപ്പാട്: പുഴ.കോം

Published in Puzha.com on April 2003, 2003 ഏപ്രില്‍ പുഴ.കോമില്‍ വന്നത്
പുഴ.കോമില്‍ വായിക്കാം

Thursday, March 15, 2007

!!...........ഓര്‍മകള്‍ക്കറിയാം............!!


അന്തിമാരിക്കുളിരിനിടയിലാരൊര-
ല്ലലിന്‍ ഗീതം പാടുന്നു.
അനാദി വാനിന്‍ വേദിയിലമര്‍ന്നാരേ
അഭംഗുരമുടുക്കു കൊട്ടുന്നു.

മേഘക്കുടിലിന്നടുപ്പത്തിരുന്നാരേ
എരിതീക്കനലൂക്കിലൂതുന്നു.
നനഞ്ഞ കാറ്റിന്‍ വരവിലാരേ
ഓലവാതില്‍ വഴി തുറക്കുന്നു.


ഈയാം പാറ്റകളുടെ വാഴ്വിലാരേ
ഇരുനാഴി മൃതിജലമൊഴിക്കുന്നു.
തേക്കിലച്ചോടെ വെളിച്ചബിന്ദുക്കള്‍
കെടാതെയാരേ പാത്തു വയ്ക്കുന്നു.



നാക്കില ചൂടി പൊരിപ്രാക്കെറിഞ്ഞി
ട്ടിട വഴി ധൃതിയാലാരകലുന്നു
വരിവെള്ളം പതയും ഇടപ്പാത തന്നി-
ലോര്‍മ്മകളേ പൊന്തീം പൊലിഞ്ഞും.


ചിത്രം, കടപ്പാട്: ചിന്ത.കോം
Published in Chintha.Com 2009 January
ചിന്ത.കോമില്‍ വായിക്കാം